തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അല്ല സംസ്ഥാനത്ത് നടന്നത് എന്നു കാണിച്ച് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടുകൾ ചെയ്യുന്നതിനിടയിൽ കാലതാമസം ഉണ്ടായത് പല ബൂത്തുകളിലും പ്രതിസന്ധി സൃഷ്ടിച്ചു. നിരവധി പേർക്ക് വോട്ട് ചെയ്യാൻ ആകാത്ത സാഹചര്യവും സംസ്ഥാനത്ത് ഉണ്ടായതായി വി ഡി സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പല ബൂത്തുകളിലും രണ്ടു വോട്ടുകൾക്കിടയിൽ വലിയ കാലതാമസം ഉണ്ടായിരുന്നു. പലരും കനത്ത ചൂടിൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷം വോട്ട് ചെയ്യാൻ കഴിയാതെ മടങ്ങിപ്പോയി. ആറുമണിക്ക് മുൻപ് ബൂത്തിൽ എത്തിയിട്ടും പലർക്കും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇത്രയും മോശമായ ഒരു രീതിയിൽ മുൻപ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചകൾ സംഭവിച്ചു. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ല. ഇത്തരത്തിൽ തിരഞ്ഞെടുപ്പിൽ ഉണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Discussion about this post