ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങൾ പ്രചാരണ ഗാനത്തിൽ നിന്നും മാറ്റണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് പ്രചാരണഗാനം ഒരുക്കിയിട്ടുള്ളത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.
ഗാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും സർട്ടിഫിക്കേഷനായി സമർപ്പിക്കാവുന്നതാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആം ആദ്മി പാർട്ടിയോട് വ്യക്തമാക്കി. പ്രചാരണ ഗാനത്തിനായി ചിത്രീകരിച്ച വീഡിയോ രംഗങ്ങളിലും മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം ഇന്ത്യൻ നിയമവ്യവസ്ഥയെ ആക്ഷേപിക്കുന്ന രീതിയിലാണ് ആം ആദ്മി തിരഞ്ഞെടുപ്പ് പ്രചാരണഗാനം ചിത്രീകരിച്ചിട്ടുള്ളത്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യവസ്ഥകൾക്കും ടെലിവിഷൻ സംപ്രേഷണ നിയമങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് ആം ആദ്മി പാർട്ടി പ്രചാരണഗാനം ഒരുക്കിയിട്ടുള്ളത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്. 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റൂൾസ് പ്രകാരം പരിപാടികളും പരസ്യങ്ങളും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ടാണ് ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതിനാൽ തിരുത്തൽ വരുത്തിയശേഷം വീണ്ടും സർട്ടിഫിക്കേഷന് അപേക്ഷിക്കാം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Discussion about this post