തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ മലയാളി യുവതികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെട്ട് നാട്ടിലെത്തിച്ചു. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാര്‍ജയില്‍ കുടുങ്ങിപ്പോയ സിന്ധു, അശ്വതി എന്നിവരാണ് തിരികെയെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബാലുശ്ശേരിയിലെ അശ്വതിയും, നെയ്യാറ്റിന്‍കര സ്വദേശിനി സിന്ധുവും വന്നിറങ്ങിയത്.
ഷാര്‍ജ റോളാ സ്ക്വയറിലെ അസ്മക് അല്‍ ജസീറ ചെമ്മീന്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ഇവരെ തൊഴില്‍ ചൂഷണത്തിന് വിധേയരാക്കിയത്. ഏഴ് മാസത്തോളമായി ശമ്പളവും, മതിയായ ഭക്ഷണവുമില്ലാതെ തടവിലാക്കപ്പെട്ടതായിരുന്നു ഇവര്‍. ഉടമകളില്‍ രണ്ട് പേര് മലയാളികളും, ഒരാള്‍ ചെന്നൈ സ്വദേശിയുമാണ്. എടിഎം കാര്‍ഡ് ഉടമകള്‍ കൈവശപ്പെടുത്തിയതിനാല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ ദുരിതം ഇവര്‍ പുറംലോകത്തെയറിയിച്ചത്.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിവരം ധരിപ്പിക്കുകയും ഉടന്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. വിദേശകാര്യവകുപ്പിന്റെ സജീവമായ ഇടപെടലിനൊപ്പം ഷാര്‍ജ്ജയിലെ വിവിധ മലയാളി സംഘടനകളും പ്രശ്നത്തില്‍ പങ്ക് ചേര്‍ന്നതോടെ മോചനം വേഗത്തിലായി. തൊഴില്‍ തട്ടിപ്പിന് വിധേയരാക്കിയവര്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.
Discussion about this post