കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പദ്ഗാമപോറയിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്ന നാലോളം ഭീകരരെയാണ് സൈന്യം നേരിടുന്നത്. രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യാഴാഴ്ച രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചത്. തുടര്‍ന്ന് ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെയും ജമ്മുകശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. ആയുധധാരികളായ ഭീകരര്‍ വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സി.ആര്.പി.എഫ് 130 ബറ്റാലിയന്, 55 രാഷ്ട്രീയ റൈഫിള്‍സ്, സെപ്ഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് തീവ്രവാദിക്കള്ക്കെതിരെ വെടിവെപ്പ് നടത്തിയത്.
ഒളിച്ചിരിക്കുന്ന മറ്റ് തീവ്രവാദികളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അവന്തിപോര എസ്.പി മുഹമദ് സെയ്ദ് പറഞ്ഞു.
നാലു ദിവസത്തിനിടെ ഭീകരരുമായി ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ആദ്യ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരവാദികളും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
വെടിവെപ്പ് തുടരുന്നതിനാല്‍ പദ്ഗാമപോറയിലൂടെ കടന്ന് പോകുന്ന ബന്നിഹാല്‍ ബരാമുള്ള റയില്‍വെ ട്രാക്ക് അടച്ചിട്ടിരിക്കുകയാണ്.
Discussion about this post