കോട്ടയം: മാന്നാനം കെഇ കോളേജില്‍ വനിതാദിനത്തോട് അനുബന്ധിച്ച് എസ്എഫ്ഐ പതിച്ച പോസ്റ്റര്‍ വന്‍ വിവാദത്തില്‍. അശ്ലീലപോസ്റ്റര് പതിച്ച എസ്എഫ്ഐയും യൂണിയനും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോളെജിലെ അധ്യാപകര്‍ കോളേജ് ദിനാഘോഷം ബഹിഷ്കരിച്ചു. അശ്ലീല പ്രചാരണത്തിന് എസ്എഫ്ഐക്കെതിരെ കേസെടുക്കണമെന്നാണ് അധ്യാപകരുടെ നിലപാട്. എസ്എഫ്ഐക്കെതിരെ കെഎസ്യുവും രംഗത്ത് വന്നതോടെ കോട്ടയം ജില്ലയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷമുണ്ടായി.
കോളേജില്‍ വനിതാദിനത്തോട് അനുബന്ധിച്ചാണ് എസ്എഫ്ഐ പോസ്റ്റര്‍ പതിക്കുന്നത്. പോസ്റ്ററില്‍ സ്ത്രീയുടെ ശരീരഭാഗങ്ങളെക്കുറിച്ചും അവയവങ്ങളെക്കുറിച്ചുമാണ് എഴുതിയിരുന്നത്. സ്ത്രീകളുടെ ശരീരഭാഗങ്ങളെ തെറിയായി ചിത്രീകരിക്കുന്നതിനെതിരായ ബോധവത്കരണമാണ് എസ്എഫ്ഐയും കോളേജ് യൂണിയനും ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ചെയര്മാന് നിതിന്‍ സണ്ണി ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നത്. പോസ്റ്റര്‍ പതിച്ചവര്‍ അവരവരുടെ വീടുകളില്‍ സംസാരിക്കുമ്പോള്‍ ഈ വാക്കുകള്‍ ഉപയോഗിക്കാറുണ്ടോ എന്ന മറുചോദ്യവുമായി അധ്യാപികമാരാണ് ആദ്യം പോസ്റ്ററിനെതിരെ രംഗത്ത് വന്നത്. പോസ്റ്റര്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ അടുത്തദിവസം നടക്കുന്ന കോളേജ് ദിനാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ യൂണിയന് നേതൃത്വത്തിലെ ചിലരാകട്ടെ ഇതില്‍ വീഴ്ച പറ്റിയെന്ന് അധ്യാപകരോട് അംഗീകരിക്കുകയും ചെയ്തു. അധ്യാപകര്‍ പരിപാടികളില്‍ പങ്കെടുക്കാമെന്നും അറിയിച്ചു. എന്നാല്‍ ഇന്നലെ കോളേജ് ദിനാഘോഷത്തില്‍ പോസ്റ്റര്‍ പതിച്ച നടപടിയെ യൂണിയന് ന്യായീകരിച്ചു. രാജ്യത്തെ പുരോഗമന സര്‍വകലാശാലകളുടെ നിലവാരത്തിലേക്ക് കോളേജിനെയും ഉയര്‍ത്തുകയെന്ന ലക്ഷ്യമാണെന്നും ഇത്തരം ചര്‍ച്ചകള്‍ ക്യാംപസില്‍ നടക്കേണ്ടതുണ്ടെന്നുമായിരുന്നു എസ്എഫ്ഐ യൂണിയന്റെ വാദം. ഇതിനെതിരെ അധ്യാപകര്‍ പ്രതിഷേധവുമായി യൂണിയന് ദിനാഘോഷ വേദിയിലേക്ക് കയറുകയും തുടര്‍ന്ന് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു. പോസ്റ്ററുകള്‍ പതിച്ചതിലെ തെറ്റ് എന്താണെന്ന് തങ്ങള്‍ക്ക് മനസിലായിട്ടില്ലെന്നാണ് യൂണിയന്റെ നിലപാടെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ബെന്നി സെബാസ്റ്റ്യന്‍ പറഞ്ഞു. ഇതിലെ തെറ്റ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് പരിപാടിയില്‍ എസ്എഫ്ഐ നേതൃത്വം അശ്ലീലപോസ്റ്റര് പതിച്ചതിനെ ന്യായീകരിച്ചതിനെ തുടര്‍ന്ന് കെഎസ് യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെഎസ് യു കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി. ഇതില്‍ ഒരു പഞ്ചായത്ത് അംഗത്തിനും പരുക്കേറ്റു. ഇതില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അടക്കമുളളവര്‍ക്കെതിരെ ആക്രമണമുണ്ടാകുന്നത്. എംജി സര്‍വകലാശാലയ്ക്ക് മുന്നിലാണ് സംഭവം. കാറിലെത്തിയ ഒരു സംഘം ആളുകള്‍ കണ്ണില്‍ മുളക് സ്പ്രേ അടിച്ചാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം അരുണ്‍, എംജി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ സച്ചു എന്നിവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച അരുണിന്റെ ഇടതുകൈപ്പത്തി മുറിഞ്ഞു. സച്ചിന്റെ വലതുതോളിനാണ് പരുക്ക്. കാറില്‍ എത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നാണ് അരുണ്‍ പൊലീസിന് നല്കിയ മൊഴി. ഇതില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Discussion about this post