കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മിഷേലിന്റെ ഫോണിലേക്ക് ഇടയ്ക്കിടെ വന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി സ്വദേശിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇതിനിടെ കേസില്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത മിഷേലിന്റെ സുഹൃത്തായ ക്രോണിന് അലക്സാണ്ടറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തനിക്ക് മിഷേലിന്റെ മരണത്തില്‍ പങ്കില്ലെന്നും ഏതൊരു ബന്ധത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നിട്ടൂള്ളൂവെന്നും ക്രോണിന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. പെണ്‍കുട്ടിയെ കാണാതായ പരാതിയുമായി മൂന്ന് തവണ പൊലീസിനെ സമീപിച്ചിട്ടും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും മിഷേലിന്‍രെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
അതേസമയം മിഷേലിനെ കാണാതായെന്ന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിനെ സെന്‍ട്രല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അബ്ദുള്‍ ജലീലിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. സെന്‍ട്രല്‍ എസ്ഐ എസ് വിജയശങ്കറിനെതിരെ അച്ചടക്ക നടപടിക്കും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post