ഭുവനേശ്വര്‍: ഹിന്ദു ഭക്തിഗാനം ചൊല്ലിയതിനും റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനും പെണ്‍കുട്ടികള്‍ വിലക്ക് നേരിടുന്ന കാലത്ത് ഒഡിഷയില്‍ നിന്ന് ഇതാ വേറിട്ട കാഴ്ച. കേന്ദ്രപ്പാറയില്‍ സബ് ജൂനിയര്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഭഗവദ് ഗീതാ പാരായണത്തില്‍ ഒന്നാമതെത്തിയത് ആറുവയസ്സുകാരി ഫിര്‍ദൗസ്. മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളെ തയ്യാറാക്കുന്നതിനിടെയാണ് മനോഹരമായി ഗീത ചൊല്ലുന്ന ഫിര്‍ദൗസിനെ അദ്ധ്യാപകര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ അമ്മ ആരിഫ ബീവിയുടെ അനുവാദത്തോടെ കുട്ടിയെ മത്സരത്തില്‍ പങ്കെടുപ്പിച്ചു. മത്സരം ഫലം പുറത്ത് വന്നപ്പോള്‍ ഫിര്‍ദൗസ് ഒന്നാമതെത്തുകയായിരുന്നു.
100-ല്‍ 90 ലധികം മാര്‍ക്ക് നേടിയാണ് കുട്ടി ഒന്നാമതെത്തിയത്. എല്ലാ മനുഷ്യരും വിശ്വകുടുംബത്തിലെ അംഗങ്ങളാണെന്നാണ് താന്‍ പഠിച്ചതെന്ന് കൊച്ചു ഫിര്‍ദൗസ് പറഞ്ഞു. കേന്ദ്രപ്പാറയിലെ ശോഭാനിയ ശിക്ഷാശ്രമം റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫിര്‍ദൗസ്. സ്കൂളിലെ പ്രാര്‍ത്ഥനയുടെ ഭാഗമാണ് ഭഗവ്ദ് ഗീത.
കുട്ടിയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് മത്സരത്തിലുടനീളം മകള്‍ക്കൊപ്പമുണ്ടായിരുന്ന ആരിഫ ബീവി പറഞ്ഞു. ഈ വിജയം ഫിര്‍ദൗസിന്റെ അദ്ധ്യാപകര്‍ക്ക് അവകാശപ്പെട്ടതാണ്. പല മതങ്ങളില്പ്പെട്ടവരാണെങ്കിലും എല്ലാ മനുഷ്യരുടെയുള്ളിലും നിറഞ്ഞ് നില്ക്കുന്ന ചൈതന്യം ഏകമാണെന്നും ആരിഫ ചൂണ്ടിക്കാട്ടി. സര്‍വധര്‍മ്മ സമഭാവന നിലനില്‍ക്കുന്ന ഒരു ഗ്രാമത്തിലാണ് താന്‍ ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മിടുക്കിയായ കുട്ടിയാണ് ഫിര്ദൗസെന്ന് പ്രധാനാദ്ധ്യാപിക ഊര്‍മ്മിള കൗര്‍ പറഞ്ഞു. പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും എപ്പോഴും അവള് ഒന്നാമതാണ്. കൗര്‍ പറഞ്ഞു. എല്ലാ മതങ്ങളിലെയും നന്മ നിറഞ്ഞ സന്ദേശങ്ങള്‍ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post