ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷിനെ ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തിലാണ് നടപടി. പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നതായി സി ആര് മഹേഷ് നടത്തിയ പ്രഖ്യാപനത്തിന് മുമ്പാണ് സസ്പെന്‍ഷനെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. സി ആര് മഹേഷ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നതായി പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെക്കുന്നതായി മഹേഷ് കൊല്ലത്ത് പറഞ്ഞിരുന്നു. കൊല്ലം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി വിടുന്ന കാര്യം മഹേഷ് അറിയിച്ചത്. പാര്‍ട്ടിയില്‍ ചീഞ്ഞ് നാറി നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് മഹേഷ് പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ഒന്നും പോകാന്‍ താനില്ലെന്നും സംസ്ഥാന നേതൃത്വത്തെ പോലും നിയോഗിക്കാന്‍ കഴിയാത്ത ദുര്‍ബല സ്ഥിതിയിലാണ് കോണ്‍ഗ്രസെന്നും വിമര്‍ശിച്ചാണ് മഹേഷ് പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രാഹുല്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിമര്‍ശനം.
പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്നും കെഎസ്യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.
Discussion about this post