കരിപ്പൂര്‍: സംസ്ഥാനത്ത് പിടികൂടിയ കള്ളനോട്ടുകള്‍ പ്രധാനമായും എത്തിച്ചേര്‍ന്നത് ദുബായ് വഴിയെന്ന് സൂചന. സ്വര്‍ണക്കടത്ത് മാഫിയയുടെ സഹായം കള്ളനോട്ടുകടത്ത് സംഘത്തിന് ലഭ്യമായതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
കൊടുവള്ളി, കണ്ണൂര്‍ മേഖലകളിലെ സ്വര്‍ണക്കടത്ത് സംഘവും കുഴല്പ്പണസംഘവും ഒന്നുതന്നെയായതിനാല്‍ ഇവര്‍ കള്ളനോട്ട് കടത്തിലേക്ക് തിരിയാന്‍ സാധ്യത ഏറെയാണ്. വ്യാജനോട്ടുമായി പിടിയിലായ പലര്‍ക്കും ഇവ ലഭിച്ചത് കുഴല്‍പ്പണമിടപാട് സംഘങ്ങളില്‍ നിന്നാണ്. പുതിയ നോട്ടുകളിറങ്ങി മാസങ്ങള്‍ക്കുള്ളില്‍തന്നെ നോട്ടുകളിലെ സുരക്ഷാമുദ്രകള് പകര്‍ത്താന്‍ പാക് കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ബംഗാള്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതാണ് ദുബായിലേക്കു തിരിയാന്‍ ഐ.എസ്.ഐ. തീരുമാനിച്ചതിനു കാരണം. പാകിസ്ഥാനില്‍ അച്ചടി പൂര്‍ത്തിയാക്കിയ നോട്ടുകള്‍ ബംഗാള്‍ അതിര്‍ത്തിവഴി രാജ്യത്തെത്തിച്ച് വിതരണം ചെയ്യുകയാണ് നേരത്തേ ചെയ്തിരുന്നത്. അതിര്‍ത്തിഗ്രാമമായ മാള്‍ഡയില്‍നിന്ന് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്തിനിടയ്ക്ക് മൂന്നുകോടി വരുന്ന 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇത്തരം നോട്ടുകള്‍ കണ്ടെടുത്തിരുന്നു.
2016 ഡിസംബര്‍ മുതലാണ് ബംഗഌദേശ് അതിര്‍ത്തിവഴി പശ്ചിമബംഗാളിലെ മാള്‍ഡയിലേക്ക് പാക് നിര്‍മിത വ്യാജ കറന്‍സി എത്തിത്തുടങ്ങിയത്. ഡിസംബറില്‍ പുറത്തിറങ്ങിയ 2000 രൂപയുടെ കറന്‍സികളില്‍ 17 സുരക്ഷാരേഖകളില് ആറെണ്ണമാണ് പകര്‍ത്തിയിരുന്നത്. എന്നാല്‍ ജനുവരിയില്‍ 11 സുരക്ഷാരേഖകളും മാര്‍ച്ചില്‍ പിടികൂടിയവയില്‍ 12 എണ്ണവും പകര്‍ത്തപ്പെട്ടു. മാള്‍ഡയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തവ ഗുണമേന്മ കുറഞ്ഞ നോട്ടുകളായിരുന്നുവെങ്കില് ജനുവരിയില്‍ കണ്ടെടുത്തവ 70 ശതമാനം സുരക്ഷാമുദ്രകളും പകര്‍ത്തിയവയും ഒറ്റനോട്ടത്തിലും സാധാരണക്കാര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്തവയുമാണ്.
Discussion about this post