ഡല്‍ഹി: സ്വാതന്ത്ര സമര സേനാനി ഭഗത്സിങ് ബ്രിട്ടീഷ് ഓഫീസര്‍ ജോണ്‍ സാന്റേഴ്സണെ വെടിവെച്ച് കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ബി.എസ്.എഫിന്റെ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. ധീര രക്തസാക്ഷി ഭഗത്സിങിന്റെ 86-ാം രക്തസാക്ഷി ദിനത്തിനു മുന്നോടിയായിട്ടാണ് സെന്‍ട്രല്‍ സ്കൂള്‍ ഓഫ് വെപണ്സില് സൂക്ഷിച്ചിരിക്കുന്ന പിസ്റ്റള്‍ ഇന്‍ഡോറില്‍ സ്ഥാപിക്കുന്ന പുതിയ മ്യൂസിയത്തിലേക്ക് ബി.എസ്.എഫ് മാറ്റുന്നത്. ബി.എസ്.എഫ്. ഇന്‍സ്പെക്ടര്‍ ജനറല്‍ പങ്കജ് ഗൂമാറാണ് പിസ്റ്റള്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങുന്ന വാര്‍ത്ത പുറത്ത് വിട്ടത്.
‘ ബ്രിട്ടീഷ് പൊലീസ് ഓഫീസറെ കൊലപ്പെടുത്താന്‍ ഭഗത്സിങ് ഉപയോഗിച്ച പോയിന്റ് 32 മോഡല്‍ പിസ്റ്റള്‍ തങ്ങളുടെ പുതിയ ആയുധ മ്യൂസിയത്തിലേക്ക് മാറ്റാന്‍ ഉദേശിക്കുകയാണ്. ആയുധത്തിന്റെ ചരിത്രപരമായ പ്രാധാന്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.’ അദേഹം പറഞ്ഞു. ഇന്‍ഡോറില്‍ നിര്‍മ്മിക്കുന്ന ബി.എസ്.എഫിന്റെ പുതിയ ആയുധ മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. രണ്ടു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആയുധം പ്രദര്‍ശനത്തിന് വെക്കുമെന്നാണ് പങ്കജ് ഗൂമര്‍ പറയുന്നത്.
1928 ഡിസംബര്‍ 17നു ലാഹോറില്‍ വെച്ചായിരുന്നു സാന്റേഷ്സണ് ഭഗ്തസിങിന്റെ വെടിയേറ്റ് മരിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് 1969ലാണ് അധികൃതര്‍ കണ്ടുകെട്ടുന്നത്. പഞ്ചാബിലെ പൊലീസ് അക്കാദമിയില്‍ മറ്റ് ഏഴു ആയുധങ്ങളോടൊപ്പമായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. സ്വാതന്ത്ര സമര സേനാനികളായ രാജ്ഗുരുവിനും സുഖ്ദേവിനുമൊപ്പം 1931 മാര്‍ച്ച് 23നാണ് ലാഹോര്‍ ജയിലില്‍ വെച്ച് ഭഗത്സിങ് തൂക്കിലേറ്റപ്പെടുന്നത്.
Discussion about this post