ചെന്നൈ: സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ മടികാണിച്ച ഭർത്താവിനെ ആക്രമിച്ച് ഭാര്യ. കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 37കാരനായ സുരേഷിനെയാണ് ഭാര്യ നളിനി ആക്രമിച്ചത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു.
തമിഴ്‌നാട് സ്വദേശിയായ സുരേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറിൽ ഒരു ഹോട്ടൽ നടത്തിവരികയാണ്. 2021ലാണ് സുരേഷും നളിനിയും വിവാഹിതരായത്. ഇതിന് ശേഷം നളിനിയുടെ മാതാപിതാക്കുടെം വീടിനടുത്താണ് ദമ്പതികൾ താമസിച്ചുവരുന്നത്.
ഈ ജൂൺ 26ന് രാത്രിയോടെയാണ് സുരേഷും നളിനിയും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. സംഭവദിവസം വൈകുന്നേരം സുരേഷും നളിനിയും ഇവരുടെ മകനും കൂടി അടുത്തുള്ള പാർക്കിൽ പോയിരുന്നു. രാത്രിയായപ്പോഴേക്കും നളിനിയേയും മകനെയും വീട്ടിലാക്കിയ ശേഷം സുരേഷ് ബാറിൽപോയി മദ്യപിച്ചിരുന്നു.
അവിടെ നിന്ന് ഭക്ഷണം കഴിച്ചാണ് സുരേഷ് വീട്ടിലേക്ക് എത്തിയത്. ഈസമയം നളിനി തന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് രാത്രിയ്ക്കുള്ള ഭക്ഷണവുമായി എത്തി. എന്നാൽ താൻ ഭക്ഷണം കഴിച്ചുവെന്ന് സുരേഷ് പറഞ്ഞു. പിന്നാലെ നളിനി ഭക്ഷണം കൊണ്ടുവന്ന പാത്രങ്ങൾ കഴുകി വീട്ടിലേക്ക് കൊടുക്കുകയും ചെയ്തു. എന്നാൽ രാത്രി പതിനൊന്നരയോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.തന്റെ വീട്ടിൽ നിന്നുകൊണ്ട് വന്ന ഭക്ഷണം കഴിക്കാത്തതിന് നളിനി സുരേഷിനെ ശകാരിക്കുകയും ചെയ്തു. സുരേഷ് തന്റെ പാചകത്തെ കുറ്റം പറഞ്ഞത് നളിനിയ്ക്ക് ഇഷ്ടമായില്ല. മാത്രമല്ല തന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സുരേഷ് പറഞ്ഞു. ഇതു പറഞ്ഞതോടെ നളിനി സുരേഷിനെ ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കിട്ടിയ കത്രിക കൊണ്ട് നളിനി സുരേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു.
ആക്രമണത്തെ തുടർന്ന് സുരേഷ് നളിനിയുടെ വീട്ടിലേക്ക് ഓടിച്ചെന്നപ്പോൾ ഭാര്യയുടെ അമ്മ സുരേഷിനെ വഴക്ക് പറഞ്ഞു. പരാതിയുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോകുവെന്ന് അവർ പറഞ്ഞു. ശേഷം അടുത്തുള്ള ആശുപത്രിയിൽ എത്തിയ സുരേഷ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post