ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് ഓഹരി വിപണി നാല് മടങ്ങ് ഉയർന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ . വളർച്ചാ ചക്രത്തിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ നിഫ്റ്റി 5,700-ലായിരുന്നു. ഇപ്പോൾ അത് 23,000-24,000 കടന്നിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (പിഎച്ച്ഡിസിസിഐ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളർച്ചയുടെ ചക്രത്തിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്, ഇന്ത്യയുടെ ഈ പുരോഗതി കൊണ്ട് ഓഹരി വിപണി മുന്നോട്ട് കുതിക്കുകയാണ്. വ്യാഴാഴ്ച സെൻസെക്സ് 80,049.67 പോയിന്റിലും നിഫ്റ്റി 24,302.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തിരിക്കുന്നത് എന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി .
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതിവേഗ വളർച്ച കൈവരിച്ചതാണ് ഡ്രോൺ വ്യവസായം. ഇത് പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സാങ്കേതികവിദ്യയുടെ വികാസത്തെയും ഡ്രോൺ വ്യവസായത്തിലെ വളർച്ചയെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഡ്രോൺ ആവാസവ്യവസ്ഥയുടെ വികസനവും രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ വിന്യസിക്കുന്നതും കാർഷിക മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ‘നമോ ഡ്രോൺ ദീദി’ സംരംഭവുമായി യോജിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഭരണത്തിന്റെ മൂന്നാം ടേമിൽ ഞങ്ങൾ മൂന്നിരട്ടി വേഗതയിൽ പ്രവർത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post