ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യ ഹർജിയിൽ സിബിഐയ്ക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. അരവിന്ദ് കെജ്രിവാൾ സിറ്റി കോടതിയെ ആദ്യം സമീപിക്കണമായിരുന്നെന്ന സിബിഐയുടെ വാദം ശരിവച്ച കോടതി, പിന്നീട് ഹൈക്കോടതിയിൽ നേരിട്ട് നൽകിയ ഹർജി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂലൈ 17ന് ഹർജി വീണ്ടും പരിഗണിക്കും.
കെജ്രിവാൾ ഒരു ഭീകരവാദിയോ അപകടകാരിയോ അല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയിൽ വാദിച്ചു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ തിഹാർ ജയിലിൽ നിന്നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 21നാണ് കേസിൽ ഇഡി കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ 20ന് വിചാരണ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയായിരുന്നു.
Discussion about this post