മലപ്പുറം: സംസ്ഥാനപാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുമായി രണ്ടു പേരെ പോലീസ് പിടികൂടി. ചങ്ങരംകുളം ഒതളൂർ സ്വദേശി കോതളങ്ങര അഷ്റഫ് (44), പുലാമന്തോൾ വളപുരം സ്വദേശി കൂട്ടപ്പിലാവിൽ മുഹമ്മദ് ഷിയാസ് (31) എന്നിവരെയാണ് ചങ്ങരംകുളം എസ്ഐ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പിടികൂടിയത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു രാവിലെ എട്ടോടെ വളയംകുളത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിൽ നിന്നു പണം പിടികൂടിയത്. 2,000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ പണത്തിന്റെ ഉറവിടം കണ്ടെത്താൽ കഴിയൂവെന്നു എസ്ഐ പറഞ്ഞു. പിടികൂടിയ തുകയും അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം എൻഫോഴ്സ്മെന്റിനു കൈമാറും. എസ്ഐയെ കൂടാതെ സീനിയർ സിപിഒ ബൈജു, സിപിഒമാരായ രതീഷ്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post