ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിനു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. അറവുശാലകള്‍ മാത്രമല്ല ഗുണ്ടാസംഘങ്ങളെയും അമര്‍ച്ച ചെയ്യണം. ഗുണ്ടകളില്ലാത്ത ഉത്തര്‍പ്രദേശുണ്ടായാല്‍ താന്‍ വളരെയധികം സന്തോഷിക്കും. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തികളും അവസാനിപ്പിക്കണമെന്നും കൈഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനമേര്‍പ്പെടുത്തിയിരുന്നു. ഒറ്റരാത്രികൊണ്ട് നൂറോളം അറവുശാലകളാണു പൂട്ടിയത്. ബീഫിനു പുറമെ കോഴി, ആട്ടിറച്ചി, മീന്‍ എന്നിവയും വില്‍ക്കുന്നില്ല. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ ഫുല്‍പുറില്‍നിന്നു മല്‍സരിച്ച കൈഫ് ബിജെപിയുടെ കേശവ് പ്രസാദ് മൗര്യയോടു പരാജയപ്പെട്ടിരുന്നു. നിലവില്‍ യുപി ഉപമുഖ്യമന്ത്രിയാണ് കേശവ് പ്രസാദ് മൗര്യ.
Discussion about this post