നോയിഡ: യുപിയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇരുവരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന് ശേഷം ട്വിറ്ററിലൂടെയാണ് സുഷമ ഈ കാര്യം അറിയിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് ഏഴോളം പ്രദേശവാസികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുപിയില്‍ പന്ത്രണ്ടാം ക്ലാസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ചിലര്‍ ഷോപ്പിങ് നടത്തുകയായിരുന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു.
നേരത്തെ പ്രദേശത്തെ ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്ന് വാങ്ങിയ മയക്കുമരുന്ന് ഉപയോഗിച്ചാണ് പന്ത്രണ്ടാം ക്ലാസുകാരനായ മനീഷ് ഖാരി മരിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതു മൂലമുണ്ടായ ഹൃദയാഘാതമാണ് മനീഷിന്റെ മരണത്തിന് കാരണമെന്ന് പരിശോധനയിലും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് നൈജീരിയന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
Discussion about this post