കോട്ടയം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ സ്വയം തയ്യാറായി വന്ന മാധ്യമപ്രവര്‍ത്തക മുഖേന സൃഷ്ടിച്ചതാണെന്ന് സമ്മതിച്ച് മംഗളം സിഇഒ ആര് അജിത്ത് കുമാര്‍. ചാനല്‍ വഴിയാണ് അജിത്ത് കുമാര്‍ വിശദീകരണം നല്‍കിയത്. മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമാണ് കൃത്യം നടത്തിയത്.
വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന് സംസാരിച്ചത്. സ്റ്റിങ് ഓപ്പറേഷനാണ് നടത്തിയതെന്നും തെറ്റ് പറ്റിയതാണെന്നുമാണ് മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ സമ്മതിച്ചത്. എ.കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്റെ കുറ്റസമ്മതം. മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിനായി നിയോഗിച്ചത്.
ഈ നടപടി തെറ്റായിപ്പോയി അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ച്ത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു.
മംഗളം തിന്മക്കെതിരായ പോരാട്ടം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് അജിത്ത് കുമാര്‍ അഭ്യര്‍ത്ഥിച്ചു. ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഇക്കാര്യം പറയുമെന്നും അജിത്ത് പറഞ്ഞു.
അതേസമയം തന്നെ കുടുക്കിയതാണെന്നു ചാനല്‍ തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്നും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും എ.കെ. ശശീന്ദ്രന് പറഞ്ഞു. സംഭവത്തില്‍ ചാനല്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്നാണ് ശശീന്ദ്രന് നിലപാട് അറിയിച്ചത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനം. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ലെന്നും എ.കെ. ശശീന്ദ്രന് അറിയിച്ചു. ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും ശശീന്ദ്രന് വ്യക്തമാക്കി.
Discussion about this post