തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിന്റെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു.
വിവാദഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ചാനലിനെതിരെ രണ്ട് പരാതികളാണ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു മാധ്യമപ്രവര്‍ത്തകുടേതാണ് ഒരു പരാതി. എന്‍സിപി യുവജന സംഘടനാ സംസ്ഥാന അധ്യക്ഷന്‍ മുജീബ് റഹ്മാനാണ് മറ്റൊരു പരാതിയുമായി രംഗത്തെത്തിയത്. ഫോണ്‍ സംഭാഷണം പൂര്‍ണ്ണമായും എഡിറ്റ് ചെയ്തതാണെന്നും സ്ത്രീയുടെ സംഭാഷണത്തിന്റെ ആദ്യഭാഗങ്ങള്‍ മാത്രമേ ഓഡിയോ ക്ലിപ്പില്‍ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് മുജീബ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത് കൂടാതെ മന്ത്രിയെ മനപൂര്‍വം കുടുക്കാന്‍ ശ്രം നടന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. സൈബര്‍ നിയപ്രകാരമാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
മുജീബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാനല്‍ സിഇഒ അജിത്ത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരേയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരേയുമാണ് സൈബര്‍ നിയമപ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .എകെ ശശീന്ദ്രനെതിരായ വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഫോണ്‍ വിളിയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്നുമാണ് ഇന്റലിജന്‍സ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.വിവാദ വിഷയത്തില്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്തിലുള്ള ആറംഗ അന്വേഷണ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഫോണ്‍ വിളി സംഭാഷണം എഡിറ്റ് ചെയ്താണോ എന്ന് സംഘം പരിശോധിക്കും.
ശശീന്ദ്രനെതിരെ നടന്നത് സ്റ്റിംഗ് ഓപ്പറേഷനാണെന്നും സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഏറ്റെടുത്ത് ചെയ്തതെന്നും വ്യക്തമാക്കി ചാനല്‍ സിഇഒ അജിത്ത് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.വാര്‍ത്തയുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ ചില പിശകുകള്‍ ചൂണ്ടിക്കാട്ടി. അത് പൂര്‍ണ്ണ മനസോടെ ഉള്‍ക്കൊള്ളുന്നുവെന്നും അജിത്ത് പറഞ്ഞിരുന്നു.
Discussion about this post