കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച വിവാദങ്ങളെ കഴമ്പില്ലാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ആശ്രിതസ്വത്ത് രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം നാമനിര്‍ദേശ പത്രിക സംബന്ധിച്ച വിവാദങ്ങളില്‍ പരാതിയുള്‍പ്പെടെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കാമെന്ന് സിപിഐഎം നേതാക്കള്‍ വ്യക്തമാക്കുന്നതിനിടെയാണ് കെ.ടി ജലീലിന്റെ പരാമര്‍ശം. ഇത്രയേറെ കഴമ്പില്ലാത്ത കാര്യം ഉന്നയിച്ച് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് ഒരു അനുകൂല സാഹചര്യം ഉണ്ടാക്കി കൊടുക്കരുതെന്ന നിര്‍ബന്ധം സിപിഐഎമ്മിനെ സംബന്ധിച്ച് കഴമ്പുളളതാവാം. അത് പക്ഷെ നമ്മളല്ലല്ലോ പറയേണ്ടതെന്നും ജലീല്‍ വിശദമാക്കി.
നാമനിര്‍ദേശ പത്രികയില്‍ ആശ്രിതസ്വത്ത് രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിച്ചിട്ടില്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക തളളാനായി ബിജെപി ഉള്‍പ്പെടെ ഉന്നയിച്ച പരാതി. അപൂര്‍ണമായ പത്രിക സ്വീകരിച്ചത് ചട്ടലംഘനമെന്നാണ് സിപിഐഎം നിലപാടും. മുസ്ലിം ലീഗ് എസ്ഡിപിഐയുടെ വോട്ട് സ്വീകരിച്ച് തീവ്രവാദവുമായി സന്ധി ചെയ്യുകയാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. മുസ്ലിം സംഘടനകള്‍ ഒന്നിക്കണമെന്ന സന്ദേശമാണ് ലീഗ് മുന്നോട്ട് വെക്കുന്നത്.
ഇത് ന്യൂനപക്ഷ വര്‍ഗീയതയുടെ ധ്രുവീകരണമാണ്. ലീഗിന്റെ മിതവാദ രാഷ്ട്രീയവും എസ്ഡിപിഐയുടെ തീവ്രവാദ രാഷ്ട്രീയവും ഒരുപ്ലേറ്റില്‍ മലപ്പുറത്ത് വിളമ്പുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് ലീഗിനുകിട്ടേണ്ട വോട്ടുകള്‍ ഈ വിഷയം കൊണ്ടുമാത്രം ബിജെപിയിലേക്ക് പോയാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ല. കൊടിഞ്ഞിയില്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്.
വധിക്കപ്പെടുന്നവന്റെ മതം നോക്കിയും വധിക്കുന്നവന്റെ മതം നോക്കിയും നഷ്ടപരിഹാരം കൊടുക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഈ ഗവണ്‍മെന്റ് വന്നതിനുശേഷം ജന്മംകൊണ്ടു ഹൈന്ദവനും കര്‍മ്മം കൊണ്ട് കമ്മ്യൂണിസ്റ്റുകാരുമായ നിരവധി ആളുകള്‍ വധിക്കപ്പെട്ടു. ഈ സര്‍ക്കാര്‍ ഒരു പൈസപോലും നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നായിരുന്നു ജലീല്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
Discussion about this post