തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് സന്ദേശങ്ങള്‍. സാങ്കേതിക സര്‍വകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നല്‍കിയിരുന്നു. പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇത് മാനേജ്മെന്റിന്റെ ശത്രുതയ്ക്ക് കാരണമായെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ജിഷ്ണു എഴുതിയ കത്തും പുറത്തായിട്ടുണ്ട്. ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. ഇതോടെ ഹോസ്റ്റല്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് പോയി. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ വെച്ചു.
ഈ തീരുമാനത്തിനെതിരെ ജിഷ്ണു രംഗത്തെത്തുകയായിരുന്നു. ഇതിനായി വിദ്യാര്‍ത്ഥികളോട് സമരത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്താണ് ജിഷ്ണു വാട്സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാഭ്യാസമന്ത്രിക്ക് ഇമെയില്‍ അയച്ചിരുന്നു. വിദ്യാര്‍ഥി നേതാക്കള്‍ക്കും ജിഷ്ണു സന്ദേശമയച്ചിരുന്നു എന്നാണ് വിവരം.
വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്സിറ്റി അധികൃതര്‍ക്കും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ജിഷ്ണു എഴുതിയ കത്തുകളുടെ കോപ്പിയും വോയ്സ് സന്ദേശവുമാണ് വാട്സ് ആപ്പിലൂടെ കൈമാറിയിരുന്നത്. ഇതെല്ലാം ജിഷ്ണുവിനോട് മാനേജ്മെന്റിന് അതൃപ്തിക്കിടയാക്കിയതാണ് നിഗമനം.
ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുപോയ സന്ദേശങ്ങള്‍ പോലീസ് തിരിച്ചെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പരീക്ഷ മാറ്റിവെച്ചതിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫോണില്‍ നിന്ന് തിരിച്ചെടുത്ത സന്ദേശങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകും.
Discussion about this post