കൊച്ചി: പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്കൂളുകള്‍ നല്കിയ ഹര്ജിയിന്മേലാണ് നടപടി.
ഫെബ്രുവരി 16ന് മുന്‍പ് ലേണേഴ്സ് ടെസ്റ്റ് എഴുതി ജയിച്ചവര്‍ പഴയ രീതിയില്‍ ഡ്രൈവിംഗ് പരീക്ഷയ്ക്ക് സമയം നല്‍കാനാണ് 45 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
പരിഷ്കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയിരുന്നത്. പുതിയ രീതി കഠിനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.ആവശ്യത്തിന് അടിസ്ഥാനസൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദ്ദേശം. ഡ്രൈംവിംഗ് സ്കൂള്‍ നടത്തുന്ന തൃശൂര്‍ അരിമ്പൂര്‍ സ്വദേശി കെഎന്‍ മോഹനനുള്പ്പെടെയുള്ളവരാണ് ഹര്‍ജിക്കാര്‍.
പുതിയ രീതി അനുസരിച്ച് കാര്‍ ലൈസന്‍സിന് എച്ചിനു പുറമേ റിവേഴ്സ് പാര്‍ക്കിംഗ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവ് പരിശോധിക്കുന്നതും നിര്‍ബന്ധമാക്കി ഫെബ്രുവരി 16നാണ് പുതിയ സര്‍ക്കുലര്‍ ഇറങ്ങിയത്. ഇത് നടത്തുന്ന രീതിയിലുള്ള പരീക്ഷണ മൈതാനം ഒരുക്കാന്‍ 90 ലക്ഷം രൂപ ചെലവ് വരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ നാല് മൈതാനികളാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളത്. രണ്ടെണ്ണെ കൂടി ഒരുക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.
പരിഷ്ക്കാരങ്ങള്‍ ഇവയായിരുന്നു:
‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കേണ്ടത്. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കും.
വാഹനം റിവേഴ്സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കുന്ന പതിവ് അനുവദിക്കില്ല.
റിവേഴ്സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമില്ല.
നിരപ്പായ സ്ഥലത്തിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ച് കാണിക്കണം. വണ്ടി പുറകോട്ട് പോവാന്‍ പാടില്ല.
രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിങ്ങ് പരീക്ഷ ഉണ്ടാകും.
Discussion about this post