ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ വിദഗ്ധരെ ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കം നിരവധി പേര് ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിലാണിത്. മധ്യപ്രദേശിലെത്തിയ വോട്ടിംഗ് മെഷീനില്‍ ആര്‍ക്ക് വോട്ട് ചെയ്താലും ബിജെപിക്ക് ലഭിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കടുത്ത നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നത്.
സാങ്കേതികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരെയാണ് വോട്ടിങ് മെഷീന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ക്ഷണിച്ചിരിക്കുന്നത്. വോട്ടിംഗുമായി ബന്ധപ്പെട്ട് ഒരു സംശയവും ബാക്കിയാകാതിരിക്കാനാണ് ഇത്തരത്തിലുള്ള ഒരു നടപടിക്ക് കമ്മീഷന് ഒരുങ്ങുന്നത്. അട്ടിമറികൃത്രിമ ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് നടപടിയെന്നും ഇവര്‍ പറയുന്നു.
ഉടന്‍തന്നെ തീയതി പ്രഖ്യാപിക്കുമെന്നും കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. സമാനമായ രീതിയില്‍ 2009ലും കമ്മീഷന് ഒരു വെല്ലുവിളി നടത്തിയിരുന്നു. കമ്മീഷന്റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാട്ടിക്കാണിക്കാനായിരുന്നു ആ വെല്ലുവിളി. അന്ന് ആര്‍ക്കും അതിന് കഴിഞ്ഞിരുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത കമ്മീഷനിലെ പ്രമുഖന് ഓര്‍മ്മിപ്പിക്കുന്നു.
ഒരിക്കല്‍കൂടി സമാനമായ ആരോപണം ഉന്നയിക്കപ്പെട്ടതിനാല്‍, ഈ വെല്ലുവിളി ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെയെന്ന് കമ്മീഷന് തീരുമാനിക്കുകയായിരുന്നു. ഒരു സംശയത്തിനും ഇട നല്കാതിരിക്കാനാണ് ഈ നീക്കമെന്നും അവര്‍ പറയുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കോ, സാങ്കേതിക വിദഗ്ധര്ക്കോ, സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ പരിപാടിയില്‍ പങ്കെടുക്കാമെന്നും കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി.
2009 മുതല്‍ വോട്ടിങ് യന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കിവരുന്നതാണെന്നും, എന്നാല്‍ ആരും ഇതുവരെ വോട്ടിങ് മെഷീന്റെ പോരായ്മ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപണം ഉന്നയിച്ചിരുന്നു. 72 മണിക്കൂര്‍ തന്നാല്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടത്താനാവുമെന്ന കാര്യം താന്‍ തെളിയിക്കാമെന്ന് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വോട്ടിങ് മെഷീനില്‍ തിരിമറി നടക്കാനുള്ള സാധ്യതയുള്ളതിനാലാണ് മിക്ക വികസിത രാജ്യങ്ങളും ബാലറ്റ് പേപ്പര്‍ പിന്തുടരുന്നത്. ഇലക്ഷന് കമ്മീഷന് നിക്ഷ്പക്ഷത പുലര്‍ത്തുന്നില്ലെന്നും ബിജെപി കക്ഷിയെപ്പോലെയാണ് പെരുമാറുന്നത്. എന്തു കൊണ്ടാണ് എല്ലാ വോട്ടിങ് മെഷീനുകളും ഉത്തര്‍ പ്രദേശില്‍ നിന്ന് വരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇലക്ട്രേണിക് വോട്ടിങ് മെഷീനില്‍ നടന്നത് സങ്കീര്ണണമായ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു കൊണ്ടുള്ള തിരിമറിയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന് സോഫ്റ്റ് വെയര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണം. ഇതുകൊണ്ടെല്ലാം തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയം സംശയാസ്പദമാണെന്നും കെജ്രിവാള് ആരോപിച്ചു.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് വേണ്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ പരീക്ഷണ ഉപയോഗം നടത്തുന്നതിനിടെ തിരിമറി ശ്രദ്ധയില്‍പെട്ടിരുന്നു. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ് സമാജ് വാദിപാര്ട്ടിക്ക് വോട്ട് ചെയ്തപ്പോള്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് മെഷീന് രേഖപ്പെടുത്തിയത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
Discussion about this post