ഡല്‍ഹി: ബംഗ്ലാദേശിലെ 17 പദ്ധതികള്‍ക്ക് സഹായം പ്രഖ്യാപിച്ച് 500 കോടി രൂപ വായ്പയായി നല്‍കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ ഒരു രാജ്യത്തിന് വാഗ്ദാനം ചെയ്യുന്ന വായ്പകളില്‍ ഏറ്റവും വലുതാണിത്. ഏപ്രില്‍ 7 നു ആരംഭിക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഈ പദ്ധതി സംബന്ധമായ കാര്യങ്ങള്‍ പ്രഖ്യാപിക്കും.
തുകയുടെ വലിയൊരു ശതമാനവും റെയില്‍വേ വികസനത്തിനും, ഗതാഗത സംവിധാനങ്ങള്‍ നവീകരിക്കുന്നതിനുമായിരിക്കും ഉപയോഗിക്കുന്നത്. ഇന്ത്യ നല്കുന്ന ഈ വായ്പ മടക്കിനല്കുവാന് 20 വര്‍ഷത്തെ കാലാവധിയാണ് ബംഗ്ലാദേശിനു അനുവദിച്ചിരിക്കുന്നത്.
വായ്പയ്ക്കു 1% പലിശയും 0.5% കമ്മിറ്റമെന്റ് ഫീയുമായിരിക്കും ഏര്‍പ്പെടുത്തുന്നത്.
രാജ്യങ്ങള്‍ നല്കുന്ന വായ്പകള്‍ക്ക് ഇത്രയും കുറഞ്ഞനിരക്കില്‍ പലിശ ഈടാക്കിയ ആദ്യത്തെ രാജ്യവും ഇന്ത്യ തന്നെയാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബംഗ്ലാദേശ് ധനമന്ത്രി എഎംഎം മുഹിത്ത് ഡല്‍ഹിയില്‍ എത്തും.
റെയില്‍വേ ഗതാഗത വികസനത്തിനുമപ്പുറം ആസാമിനേയും, ബംഗ്ലാദേശിനെയും, വെസ്റ്റ് ബംഗാളിനെയും ബന്ധപ്പെടുത്തുന്ന ജലമാര്ഗ്ഗങ്ങള്ക്കും സമുദ്രയാത്രകളുടെ കരാറുകളിലും ഷെയ്ക്ക് ഹസീന ഒപ്പു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കരാറുകള്‍ നടപ്പിലായാല്‍ ഇന്ത്യയ്ക്ക് അയല്‍രാജ്യങ്ങളായ നേപ്പാളിനും ഭൂട്ടാനും ബംഗ്ലാദേശുമായിട്ടുള്ള ചരക്കുനീക്കങ്ങള്‍ എളുപ്പമാകും.
ഷെയ്ക്ക് ഹസീന വെള്ളിയാഴ്ച ഇന്ത്യയിലെത്തുമെങ്കിലും ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച നടത്തുന്നത്. 1971 യുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് പുരസ്ക്കാരം നല്‍കുകയും അവര്‍ക്ക് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഏര്‍പ്പെടുത്തുന്ന വിരുന്നില്‍ പങ്കെടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. നരേന്ദ്ര മോദി ഭരണത്തില്‍ വന്നതിനുശേഷം ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നത്.
Discussion about this post