ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം അക്കമിട്ട് നിരത്തി മുന്‍ സിഎജി വി.കെ ശുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ നൂറ് പേജുകളുള്ള റിപ്പോര്‍ട്ട്.കേജ്രിവാള് അധികാരദുര്‍വിനിയോഗം നടത്തിയ നിരവധി വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആംആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതില്‍ ചട്ടം ലംഘിച്ചുവെന്നും, മന്ത്രി സത്യേന്ദ്ര ജെയ്ന്റെ മകളെ ആരോഗ്യ മിഷന് ഡയറക്ടറായി നിയമിച്ചതിലും ക്രമക്കേടുകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ച നടപടി നിയമസാധുതയില്ലാത്തതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം ഡിസിഡബ്ലു ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്. നിരവധി തീരുമാനങ്ങളാണ് ലെഫ്നനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്രിവാളിന്റെ സര്‍ക്കാര്‍ എടുത്തതെന്നും 100 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2015ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ ലെഫ്നനെന്റ് ഗവര്‍ണറുടെ അനുമതി വാങ്ങാതെ പല അനുമതികളും നല്കാന് തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി വിരുദ്ധ ബെഞ്ചിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സംബന്ധിച്ചും ഗവര്‍ണറുമായി കൂടിയാലോചിക്കാതെ നടത്തിയ നിയമനങ്ങളും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.
2016 ഓഗസ്റ്റ് 30നാണ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ സി.എ.ജി വി.കെ. ശുംഗ്ലുവിന്റെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയത്.
ശുംഗ്ലുവിന് പുറമെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി, മുന്‍ വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. ലെഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്ത 400 ഫയലുകളെക്കുറിച്ച് പരിശോധിക്കാനാണ് സമിതിയുണ്ടാക്കിയത്.
Discussion about this post