കോഴിക്കോട്: നെഹ്റു പാമ്പാടി നെഹ്രു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരം സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യ നില മോശമെന്ന് ഡോക്ടര്‍മാര്‍. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരിക്കുന്നതിനാല്‍ അവിഷ്ണ ക്ഷീണിതയാണെന്നും നിരാഹാരം തുടര്‍ന്നാല്‍ അരോഗ്യനില കൂടുതല്‍ മോശമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പോലീസ് അതിക്രമം ചാനലില്‍ കണ്ടതിന് പിന്നാലെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ അവിഷ്ണ നിരാഹാര സമരം ആരംഭിച്ചത്.
അവിഷ്ണയ്ക്ക് പിന്തുണയുമായി ബന്ധുക്കളും നാട്ടുകാരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ അവിഷ്ണയ്ക്ക് ഐക്യദാര്‍ഡ്യവുമായി വളയത്തെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘവും കൊയിലാണ്ടി തഹസില്‍ദാരും വളയത്തെ വീട്ടിലുണ്ട്. കെപിസിസി പ്രസിഡന്റ് എംഎം ഹസന് ഇന്ന് അവിഷ്ണയെ വീട്ടിലെത്തി സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
അമ്മ മഹിജയും സഹോദരന് ശ്രീജിത്തും തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛന് അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുള്‍പ്പെടെ 15 പേര് മെഡിക്കല്‍ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച മുതല്‍ മഹിജയും അശോകനും നിരാഹാരസമരവും ബാക്കിയുള്ളവര്‍ റിലേ സത്യാഗ്രഹവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മഹിജയെയും ശ്രീജിത്തിനെയും ഡിസ്ചാര്‍ജ് ചെയ്തശേഷമേ സമരത്തിന്റെരീതി എങ്ങനെമാറ്റണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അശോകന് പറഞ്ഞു.
Discussion about this post