കോഴിക്കോട്: കുറ്റംബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ കുടുംബത്തെ കാണാന്‍ തയാറാകാത്തതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി കുടുംബത്തെ കാണില്ല എന്ന നിലപാട് ശരിയാണോ എന്ന് ചിന്തിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വളയത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണു കേസില്‍ കൃത്യമായി നടപടികള്‍ എടുത്തിടുണ്ടെന്ന സര്‍ക്കാറിന്റെ പത്രപ്പരസ്യം ഉത്തമബോധ്യത്തോടെയെങ്കില് എന്തുകൊണ്ട് അത് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല. പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് തീര്‍ക്കണമെന്നും അതിന് പ്രതിപക്ഷത്തിന്റെ സഹായം ആവശ്യമാണെങ്കില്‍ നല്കാന് തയാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മകന് മരിച്ച അമ്മയുടെ വേദന പ്രതിപക്ഷം മുതലെടുക്കുകയാണെന്ന സി.പി.എമ്മുകാരുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അവിഷ്ണ വെള്ളം പോലും കുടിക്കാതെയാണ് സമരമിരിക്കുന്നത്. നിരാഹാരമിരിക്കുന്നതിന് കുഴപ്പമില്ല. എന്നാല്‍ വെള്ളം കുടിക്കണം. ഇല്ലെങ്കില്‍ ആരോഗ്യം നശിക്കും. വെള്ളം കുടിക്കണമെന്ന് അവിഷ്ണയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post