ചെന്നൈ: ‘ചിന്നമ്മ’ ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം. ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി എഐഎഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍സെല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും ഒരുമിക്കുകയാണ്. അണ്ണാ ഡിഎംകെ (അമ്മ), അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വിഭാഗങ്ങളുടെ ഐക്യ തീരുമാനം ഇന്നു പ്രഖ്യാപിച്ചേക്കും. രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു നിര്‍ണായക തീരുമാനം അറിയിച്ചത്.
‘അമ്മ’യുടെ നേതൃത്വത്തില്‍ മുന്നോട്ടു പോയതുപോലെ തുടരുമെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സുരക്ഷിതഭാവി മുന്നില്‍ കണ്ടാണു തീരുമാനമെന്നും എടപ്പാടിയുടെ വിശ്വസ്തന്‍ കൂടിയായ മന്ത്രി ജയകുമാര്‍ അറിയിച്ചു. രണ്ടില ചിഹ്നത്തിനു കീഴില്‍ തന്നെ മല്‍സരിക്കണമെന്ന ലക്ഷ്യം സാധിക്കുമെന്നും പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും പുറത്താക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കിലും അവര്‍ക്കെതിരെയുള്ള പടയൊരുക്കമാണെന്നു വ്യക്തം.
തെരഞ്ഞെടുപ്പ് കമ്മിഷനെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചതിനു ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന്റെ തുടര്‍ച്ചയായാണു നാടകീയ നീക്കങ്ങള്‍. രാത്രിയാണു പി. തങ്കമണി, ഉദുമലൈ രാധാകൃഷ്ണന്‍ എന്നീ മന്ത്രിമാരുടെ വസതികളില്‍ 16 മന്ത്രിമാരും ഭൂരിഭാഗം എംഎല്‍എമാരും പങ്കെടുത്ത ചര്‍ച്ചകള്‍ ചൂടുപിടിച്ചതും ഒടുവില്‍ തീരുമാനം പ്രഖ്യാപിച്ചതും. ശശികല കുടുംബത്തെ ഒഴിവാക്കിയാല്‍ പാര്‍ട്ടിയിലെ യോജിപ്പിനു തടസ്സങ്ങളൊന്നുമില്ലെന്ന നിലപാടിലാണിപ്പോള്‍ പനീര്‍സെല്‍വവും പളനിസാമിയും.
ശശികല, ദിനകരന്‍ എന്നിവരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, ജനറല്‍ സെക്രട്ടറി പദത്തെ ചോദ്യം ചെയ്തു പനീര്‍സെല്‍വം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നേതാക്കളെല്ലാം സത്യവാങ്മൂലം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പനീര്‍സെല്‍വത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ തീരുമാനത്തെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.
സ്വത്തുകേസില്‍ ജയിലിലുള്ള ശശികലയെ സന്ദര്‍ശിക്കാനായി ദിനകരന്‍ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഐക്യ ചര്‍ച്ചകള്‍ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കില്‍ പനീര്‍സെല്‍വത്തിനൊപ്പം പോകുമെന്നു മുതിര്‍ന്ന മന്ത്രിമാര്‍ മുന്നറിയിപ്പു നല്‍കിയതായും അഭ്യൂഹങ്ങളുണ്ടായി.
അതേസമയം, 40 എംഎല്‍എമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാല്‍, തിടുക്കപ്പെട്ടു നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടാല്‍ ഒപ്പമുള്ള എംഎല്‍എമാരെ അടര്‍ത്തിമാറ്റി ഡിഎംകെ സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ നല്‍കാനും ശശികല വിഭാഗം മടിക്കില്ലെന്നതും കണക്കിലെടുക്കണമെന്ന അഭിപ്രായമുയര്‍ന്നു.
ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണു ശശികല ക്യാംപില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയത്.
Discussion about this post