മൂന്നാര്‍: സൂര്യനെല്ലിയില്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍കുരിശ് പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്ത്. കുരിശ് പൊളിച്ച് നീക്കുന്നത് വിശ്വാസത്തിനെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് എന്നാണ് സിപിഎം എംഎല്‍എയുടെ വാദം.
ഭൂമി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്, മറ്റുള്ളവര്‍ പ്രവേശിക്കുന്നത് നിരോധിച്ചാല്‍ പോരേയെന്നും എംെല്‍എ ചോദിക്കുന്നു. പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ദേവികുളം എംഎല്‍എ പറയുന്നു.
സര്‍ക്കാരിന് ചീത്തപ്പേരിനുള്ള സ്ഥിതിയാണ് ഈ നീക്കമുണ്ടാക്കുക. ഇത് പരിശോധിക്കപ്പെടണം. സംരക്ഷണസേന കാട്ടിക്കൂട്ടിയത് എന്തൊക്കെയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രചരണത്തിനും ക്യാമറയ്ക്കും വേണ്ടിയുള്ള കാര്യങ്ങളാണ് ഇന്ന് നടന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിക്കാമായിരുന്നു. അതിന് പകരം കുരിശ് പൊളിക്കുന്നത്, ലോകമാകെയുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാകുന്ന ദൃശ്യമായിരിക്കും. സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ അതിന് പോകാന്‍ പാടില്ല. വിശ്വാസമാണ് മുന്നില്‍, അതിനെ ഇല്ലാതാക്കാന്‍ പാടില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരെ കടുത്ത ഭാഷയില്‍ എംഎല്‍എ വിമര്‍ശിച്ചു. എന്ത് ഭാവനയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസികള്‍ക്കിടയില്‍ ഈ നടപടികള്‍ സ്വാഭാവികമായും പ്രശ്നങ്ങളുണ്ടാക്കും. ഉദ്യോഗസ്ഥന്മാര്‍ ഇതൊന്നും തിരിച്ചറിയാത്തവരായി നില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാകില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ്, മറ്റുള്ളവകെ ദ്രോഹിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഭീതിയിലാക്കുന്നുവെന്നും ചാനലുകള്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. എന്തിനാണ് ഇത്ര ഭീകരാന്തരീക്ഷമെന്നും ഇത്ര പൊലീസെന്നും രാജേന്ദ്രന്‍ ചോദിച്ചു.
Discussion about this post