ചെന്നൈ: അണ്ണാഡിഎംകെയിലും തമിഴ്‌നാട് ഭരണത്തിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടര്‍ന്നിരുന്ന പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായി. ഒ പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി പക്ഷവും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചര്‍ച്ചയിലെ തീരുമാനപ്രകാരം എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടരും. ശശികലയുടെ സ്ഥാനത്ത് പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും.
എഐഎഡിഎംകെയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലും ഒപിഎസ് പക്ഷവും എടപ്പാടി പക്ഷവും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സമവായത്തിലെത്താനായില്ല. മുഖ്യമന്ത്രിസ്ഥാനമായിരുന്നു ഒപിഎസ്സിന്റെ ലക്ഷ്യം. എന്നാല്‍ ഓപിഎസ്സിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്നും വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നും പളനിസ്വാമി വിഭാഗം നിര്‍ദേശം വെച്ചു. ഇത് അംഗീകരിച്ച പ്രകാരം ഇനി പനീര്‍ശെല്‍വമാണ് പാര്‍ട്ടിയെ നയിക്കുക.
പനീര്‍ശെല്‍വം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്. ശശികല, ടിടിവി ദിനകരന്‍ എന്നിവരുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനും ഇരുവരുടേയും രാജി എഴുതി വാങ്ങാനും തീരുമാനമായിട്ടുണ്ട്. പനീര്‍ശെല്‍വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യവും ഇതുതന്നെ ആയിരുന്നു. ശശികല ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയയെ പൂര്‍ണമായും എഐഎഡിഎംകെയില്‍ നിന്നും തുടച്ചുനീക്കിയെന്ന് ഉറപ്പ് ലഭിക്കാതെ തിരിച്ച് വരവ് അസാധ്യമെന്ന് ഓപിഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ജയിലില്‍ കഴിയുന്ന ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ വ്യക്തമാക്കിയിരുന്നു. പക്ഷേ സാങ്കേതികമായി ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. അതിനാലാണ് രാജി എഴുതി വാങ്ങിക്കാന്‍ ധാരണയായത്.
Discussion about this post