ഡല്‍ഹി: അജ്മല്‍ കസബ് ജയില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നീഖത്തിന്റെ വെളിപ്പെടുത്തല്‍. ജയിലില്‍ വച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പട്ട അജ്മല്‍ കസബ് മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടു, അധികൃതര്‍ പക്ഷേ ഈ ആവശ്യം നിരാകരിച്ചു എന്നിങ്ങനെയായിരുന്നു വാര്‍ത്തകള്‍. തീവ്രവാദികള്‍ക്ക് അനുകൂലമായ വികാരമുണ്ടാക്കുന്നത് തടയാന്‍ ആസൂത്രിതമായി നടത്തിയ പ്രചരണം ആയിരുന്നു ഇതെന്നും മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ജയ്പൂരില്‍ നടന്ന ഭീകരതയ്ക്കെതിരായ അന്തര്‍ദേശീയ സമ്മേളനത്തനിടെയായിരുന്നു ഉജ്ജ്വല്‍ നീഖത്തിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍.
‘മാധ്യമങ്ങള്‍ അജമലിന്റെ ബോഡി ലാംഗേജ് എല്ലായിപ്പോഴും നിരീക്ഷിച്ചു കൊണ്ടിരുന്നു. കസബിനും അക്കാര്യം അറിയാമായിരുന്നു. ഒരു ദിവസം കോടതി മുറിയില്‍ തലകുമ്പിട്ട് അയാള്‍ കണ്ണുകളില്‍ വെള്ളം നിറച്ചു. നിമിഷങ്ങള്‍ക്കകം ദൃശ്യ മാധ്യമങ്ങള്‍ കസബ് കരഞ്ഞു എന്ന രീതിയില്‍ വാര്‍ത്ത ബ്രേക് ചെയ്തു,ഒരു രക്ഷാബന്ധന് ദിനത്തിലായിരുന്നു അത്. അപ്പോള്‍ തന്നെ ചാനലുകള്‍ അത് സംബന്ധിച്ച ചര്‍ച്ചകളും തുടങ്ങി. ചിലര്‍ കസബിനെ അവന്റെ സഹോദരിയോടുള്ള വൈകാരികമായ ആത്മബന്ധത്തെ കുറിച്ച് ഊഹവാര്ത്തകള് നിരത്തി. ചിലര്‍ കസബ് തീവ്രവാദിയോ അല്ലയോ എന്ന മട്ടില്‍ വരെ ചര്‍ച്ചകള്‍ നടത്തി.
ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാനായിരുന്നു അജമല്‍ കസബ് ജയിലില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടുവെന്ന് താന്‍ പ്രസ്താവന നടത്തിയത്. ഇതോടെ ക്രൂരനായ തീവ്രവാദി ജയിലില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടു എന്ന മട്ടിലായി ചര്‍ച്ചകള്‍. യഥാര്‍ത്ഥത്തില്‍ കസബ് ബിരിയാണി ആവശ്യപ്പെടുകയോ അധികൃതര്‍ അത് വിളമ്പുകയോ ചെയ്തില്ല എന്നതാണ് വാസ്തവം-ഉജ്ജ്വല്‍ നീഖം വിശദീകരിച്ചു.
2008ലാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം അരങ്ങേറിയത്. കേസിലെ മുഖ്യപ്രതിയായ അജ്മല്‍ കസബിനെ നാല് വര്‍ഷത്തിന് ശേഷം 2012 നവംബറിലാണ് തൂക്കിക്കൊന്നത്.
Discussion about this post