തൃശ്ശൂര്‍: തന്റെ അജ്ഞതകള്‍ തുറന്നുപറഞ്ഞ് മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിലൂടെ താരമായി മാറിയ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. തൃശൂരില്‍ നടന്ന കേരള ബ്രാഹ്മണ സഭയുടെ ശ്രീശങ്കരജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അദ്വൈതമുള്പ്പെടെയുളള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞുകൊണ്ട് ശ്രീറാം നിലപാട് വ്യക്തമാക്കിയത്.
ശങ്കരാചാര്യരെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും കാര്യമായ അറിവില്ലെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തത്വചിന്തയില്‍ വിശ്വാസം ഉറച്ചിട്ടില്ലെന്നും ശ്രീറാം പ്രസംഗത്തില്‍ വ്യക്തമാക്കി. ഈ പരിപാടിക്കായി ശങ്കരാചാര്യരെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിന്നും പഠിക്കാമെന്ന് വിചാരിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. പുതിയ തലമുറയ്ക്ക് ശങ്കരാചാര്യരെയും അദ്വൈതവും അറിയില്ല. കുട്ടികള്‍ക്ക് മനസിലാവുന്ന രീതിയില്‍ ഇവ മാറ്റിയെഴുതണം.
പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന തരത്തില്‍ നോവല്‍, സിനിമ രൂപത്തില്‍ മാറ്റാവുന്നതാണ്. ശ്രീനാരയണ ഗുരുവിന്റെ ജീവിതം പറയുന്ന സിനിമ പോലെ മടുപ്പിക്കുന്നതാവരുത്. പുതിയ തലമുറയ്ക്ക് മനസിലാകുന്ന തരത്തില്‍ ഇത് തയ്യാറാക്കണമെന്നും ശ്രീറാം പറഞ്ഞതോടെ സദസില്‍ നിന്നും കൈയടികള്‍ ഉയര്‍ന്നു. ഇന്ത്യയെ ഒന്നായി കണ്ട ആശയമാണ് ശങ്കരാചാര്യ ദര്‍ശനം. ഓള് ഇന്ത്യാ സര്‍വീസിന്റെ ലക്ഷ്യവും ഇതാണ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവയാണ് രാജ്യത്തെ ഒന്നായി നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു പുതിയ തലമുറ കിണറ്റിലെ തവളകളായി മാറരുതെന്നും എഐഎസിന്റെ അന്തസത്ത തിരിച്ചറിയണമെന്നും വ്യക്തമാക്കിയാണ് ശ്രീറാം പ്രസംഗം അവസാനിപ്പിച്ചത്.
ശ്രീറാമിനൊപ്പം അമ്മ പ്രഫ. രാജവും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രസംഗത്തിനിടെ സദസിലുണ്ടായിരുന്ന അമ്മയെ ചൂണ്ടിക്കാട്ടി നിത്യേന സംസ്കൃത ശ്ലോകം ചൊല്ലുന്ന അമ്മയ്ക്ക് അതിന്റെ അര്‍ത്ഥം അറിയുമോ എന്നറിയില്ലെന്നും ശ്രീറാം പറഞ്ഞത് കൗതുകമുണര്‍ത്തി.
Discussion about this post