ഇടുക്കി: സെൽഫി എടുക്കുന്നതിനിടയിൽ ഒന്നരലക്ഷം രൂപ വിലയുള്ള മൊബൈൽഫോൺ കൊക്കയിൽ വീണത് വീണ്ടെടുത്തുനൽകി അഗ്‌നിരക്ഷാസേന. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റിൽ സെൽഫിയെടുക്കുമ്പോഴാണ് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് കിടങ്ങൂർ സ്വദേശി ഹരികൃഷ്ണന്റെ ഫോൺ വീണത്.
താഴെ കല്ലുകൾക്കിടയിൽ മൊബൈൽ ഫോൺ തട്ടിനിന്നത് രക്ഷയായി. ഒന്നരലക്ഷത്തോളം രൂപയുടെ ഫോൺ ഉപേക്ഷിച്ചുപോകാൻ ഹരികൃഷ്ണന് മനസ്സുവന്നില്ല. തുടർന്നാണ് മൂലമറ്റത്ത് അഗ്‌നിരക്ഷാസേനയെ വിളിച്ച് വിവരം അറിയിച്ചത്.
സീനിയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയിൽ രണ്ട് കല്ലുകൾക്കിടയിലായിരുന്നു ഫോൺ. സേനാംഗം മനു ആന്റണി രണ്ട് വടങ്ങൾ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോൺ എടുത്തു നൽകുകയായിരുന്നു.
Discussion about this post