ഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടാന്‍ ‘സമാധാന്’ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതി 35 മാവോയിസ്റ്റ് ബാധിത ജില്ലകളില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് സ്വാധീനമുള്ള 35 ജില്ലകളില്‍ സുരക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം.
മാവോയിസ്റ്റ് സ്വാധീനമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, സംസ്ഥാനപൊലീസഇന്റലിജന്സ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
”ഇടതുപക്ഷതീവ്രവാദത്തിനെതിരെയുള്ള പോരാട്ടം വിജയിക്കേണ്ടതും സുരക്ഷയും വികസനവും യോജിപ്പിച്ചുകൊണ്ടുള്ളതുമാണ്. അതിന് നിങ്ങളുടെ അത്ര യോജിച്ചവരായി ആരാണുള്ളത്? നിങ്ങളുടെ പ്രവൃത്തിത്തന്നെ അത് വ്യക്തമാക്കട്ടെ”, രാജ്നാഥ് സിങ് പറഞ്ഞു.
ഇടത്പക്ഷ തീവ്രവാദം മൂലം 12,000 കൊല്ലപ്പെട്ടെന്നും ഇതില്‍ 2700ഓളം പേര് സുരക്ഷാജീവനക്കാരാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. പൊതുജനങ്ങളിലെത്തേണ്ട സൗകര്യങ്ങള്‍ വികസനവിരുദ്ധരായ ഇടത് തീവ്രവാദികള്‍ ലക്ഷ്യമിടുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
വെടിയുണ്ടകള്‍ കൊണ്ട് മാത്രം നക്സലുകളെ തടയാനാവില്ലെന്നതിനാല്‍ ഹൃസ്വദീര്ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യണം. സമാധാന് പദ്ധതിപ്രകാരം കേന്ദ്രസംസ്ഥാനസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. സേനയില്‍ നിന്ന് തട്ടിയെടുക്കുന്ന ആയുധങ്ങളാണ് മുഖ്യമായും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ആയുധങ്ങളില്‍ സെന്‍സറുകളും ബയോമെട്രിക് സംവിധാനങ്ങളും ഘടിപ്പിക്കും.
ഓരോ സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകളുടെ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ്. അതുകൊണ്ട് അതിനനുസരിച്ചുള്ള തന്ത്രമാണ് സ്വീകരിക്കേണ്ടത്. മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്ന സാമ്പത്തികസഹായം ഇല്ലാതാക്കുക എന്നത് പരമപ്രധാനമാണ്. രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രണ്ടാഴ്ച്ച മുമ്പ് ഛത്തീസ്ഗഢിലെ സുഖ്മയില്‍ നടന്ന സിആര്പിഎഫ്മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്മാരും അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post