ഡൽഹി: അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഡൽഹി മുൻ മന്ത്രി കപിൽ മിശ്രയ്ക്കുനേരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം മിശ്രയുടെ ഡൽഹി സിവിൽ ലൈനിലെ വസതിയിലായിരുന്നു സംഭവം. വസതിയിൽ നിരാഹാര സമരം ആരംഭിച്ച മിശ്രയെ ഇവിടേയ്ക്കെത്തിയ അക്രമി മർദിക്കുകയായിരുന്നു.
അങ്കിത് ഭരദ്വാജ് എന്നയാളാണ് മിശ്രയെ മർദിച്ചത്. നിരവധി തവണ ഇയാൾ മിശ്രയെ അടിച്ചു. ഉടൻ തന്നെ മിശ്രയുടെ സഹായികൾ അങ്കിതിനെ പിടിച്ചുമാറ്റി. ആം ആദ്മി പ്രവർത്തകനാണ് അങ്കിതെന്ന് മിശ്രയുടെ സഹായികൾ ആരോപിച്ചു. എന്നാൽ ഇയാൾ ബിജെപിയുടെ യുവജനവിഭാഗം നേതാവാണെന്നാണ് എഎപിയുടെ ആരോപണം.
എഎപി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് കപിൽ മിശ്ര നിരാഹാര സമരം ആരംഭിച്ചത്. തനിക്കെതിരേ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ വധഭീഷണികൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, കേജ്രിവാളിനെതിരെ സിബിഐയിൽ ഹാജരായി കപിൽ മിശ്ര തെളിവ് കൈമാറിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാൻ കേജരിവാളിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
Discussion about this post