കോട്ടയം: കോട്ടയം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കുമരകത്ത് രണ്ടു പഞ്ചായത്തംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഘപരിവാര്‍ സംഘടനകളും ഹര്‍ത്താലുമായി സഹകരിക്കും. പത്രം, പാല്, വിവാഹം, മരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച നടത്തുന്ന എം.ജി. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. ഏറ്റുമാനൂരില്‍ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമ്മേളനം, കോട്ടയം തിരുനക്കരയില്‍ നടക്കുന്ന ഗണകമഹാസഭ സംസ്ഥാനസമ്മേളനം, കാഞ്ഞിരപ്പള്ളി രൂപതാസമ്മേളനം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്നും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുമരകം ഗ്രാമപ്പഞ്ചായത്തംഗവും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.കെ.സേതു, ജയകുമാര്‍ എന്നിവരെയാണ് ആക്രമിച്ചത്. സേതുവിന്റെ ഒരു കാലും ഒരു കൈയും ഒടിഞ്ഞു. ശരീരമാസകലം പരിക്കുണ്ട്. ജയകുമാറിനും ശരീരം മുഴുവന്‍ മുറിവുകളുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഇരുവരും പഞ്ചായത്ത് ഓഫീസിലേക്കു വരുമ്പോഴായിരുന്നു ആക്രമണം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പിളിയുടെ നേതൃത്വത്തില്‍ മുഖംമൂടി ധരിച്ച 20 അംഗ സംഘമാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഏതാനും ദിവസംമുമ്പ് സേതുവിന്റെ വീട്ടില്‍ക്കയറി അക്രമിസംഘം ഭീഷിണിപ്പെടുത്തിയിരുന്നു.
Discussion about this post