ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ എന്‍ഡിഎ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയ്ക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി ഇത് സംബന്ധിച്ച ഉറപ്പ് നല്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നും ജഗന് മോഹന്‍ റെഡ്ഡി വ്യക്തമാക്കി. ബിജെപിയുമായി തങ്ങള്‍ക്ക് വലിയ സമാനതകളാണുള്ളത്. ജനോപകാരപ്രദമായ വിഷയങ്ങളില്‍ വൈഎസ് ആര് കോണ്‍ഗ്രസിനും, ബിജെപിയ്ക്കും ഒരേ അഭിപ്രായമാണ് ഉള്ളതെന്നും ജഗന്മോഹന് റെഡ്ഡി പറഞ്ഞു.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ പിന്തുണ ഇപ്പോള്‍ എന്‍ഡിഎയ്ക്കുണ്ട്. അതിനാല്‍ പ്രതിപക്ഷം കേവലം മല്‍സരത്തിനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനോട് യോജിക്കുന്നില്ലെന്നും ജഗ്മോഹന് റെഡ്ഡി പറഞ്ഞു.
ആന്ധ്രയില്‍ വൈഎസ് ആര് കോണ്‍ഗ്രസിന്റെ എതിരാളികളായ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടിഡിപി എന്‍ഡിഎയിലെ സഖ്യകക്ഷിയാണ്. വൈഎസ് ആര് കോണ്‍ഗ്രസ് കൂടി പിന്തുണച്ചതോടെ, ആന്ധ്രയിലെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യുമെന്നുറപ്പായി.അതേസമയം ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പട്നായിക്കിനെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഇപ്പോഴും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.
Discussion about this post