കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെതിരായും ബിജെപിക്കെതിരായും ദേശീയ തലത്തില്‍ കോണ്ഗ്രസുമായടുക്കാന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും തീരുമാനിച്ചതോടെ ബംഗാള്‍ രാഷ്ട്രീയത്തിലും മാറ്റം വന്നേക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി വെള്ളിയാഴ്ച മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച നടന്നതോടെയാണ് ഈ മാറ്റം. യോഗത്തിനു ശേഷം ബംഗാളിലെ കോണ്‍ഗ്രസിനോടും പ്രവര്‍ത്തകരോടും സൗഹൃദത്തോടെ പെരുമാറാന്‍ മമത തൃണമൂല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സൗഹൃദത്തോടെ പെരുമാറാനുമാണ് കോര്‍കമ്മറ്റി യോഗത്തില്‍ മമത ആവശ്യപ്പെട്ടത്.
സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ഇടപാടുകളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കുവാനും മമത പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനോട് അടുക്കാന്‍ മമത തീരുമാനിച്ചതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനുമായി അരമണിക്കൂറോളം മമത ചര്‍ച്ച നടത്തിയതായി തൃണമൂല്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മമതയുടെ നീക്കത്തോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മമതയുമായി സഖ്യം വേണമെന്നും വേണ്ടായെന്നും നിലപാട് സൂക്ഷിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിനകത്ത് ഉള്ളതിനാല്‍ സഖ്യ സാധ്യത പ്രാവര്‍ത്തികമാവാന്‍ ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണ്ണായകമാവും.
Discussion about this post