തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.
പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ ആകും ഇടിമിന്നൽ ഉണ്ടാകുക. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നാളെയോടെ സംസ്ഥാനത്ത് മഴ കനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. മറ്റെന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഞയറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.
മാറിയ കാലാവസ്ഥയുടെ സാഹചര്യത്തിൽ തീരമേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22 സെന്റീമീറ്ററിനും നും 48 സെന്റീമിറ്റിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post