ന്യൂഡൽഹി: സ്ലോവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ലോവാക്യ പ്രധാനമന്ത്രിയ്‌ക്കെതിരെയുണ്ടായ വെടിവെയ്പ്പ് ഭീരുത്വം നിറഞ്ഞതും നികൃഷ്ടവുമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സ്ലോവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെയ്പ്പുണ്ടായ വാർത്ത അത്യധികം ഞെട്ടലുണ്ടാക്കുന്നതാണ്. ഈ ഭീരുത്വം നിറഞ്ഞതും നിഷ്ഠൂരവുമായ പ്രവർത്തിയെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രി ഫിക്കോ അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. സ്ലോവാക്കിലെ ജനങ്ങളോടൊപ്പം ഇന്ത്യ എന്നും നിലകൊള്ളുന്നു’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്നലെയാണ് സ്ലോവാക്യയുടെ ജനകീയ പ്രധാനമന്ത്രി എന്നറിയപ്പെടുന്ന റോബർട്ട് ഫിക്കോയ്ക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റത്. വയറ്റിൽ അടക്കം ഒന്നിലധികം തവണ വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹാൻഡ്‌ലോവ നഗരത്തിലെ ഹൗസ് ഓഫ് കൾച്ചറിന് പുറത്ത് വച്ചാണ് റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. പ്രധാനമന്ത്രിയെ വെടിവച്ചതായി സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തെ അപലപിച്ചുകൊണ്ട് പാർലമെന്റ് സമ്മേളനം നിർത്തിവച്ചിരുന്നു.
Discussion about this post