പട്ന: ബിഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. പരീക്ഷയെഴുതിയവരില്‍ 64% വിദ്യാര്‍ത്ഥികളും തോറ്റു. ബിഹാറില്‍ പരീക്ഷാക്രമക്കേട് വ്യാപകമായ സാഹചര്യത്തില്‍ അധികൃതര്‍ പരീക്ഷാ ഹാളില്‍ കര്‍ശന നിരീക്ഷണം നടത്തിയതോടെയാണ് വിജയശതമാനം കുത്തനെ ഇടിഞ്ഞത്.
സയന്‍സ് സബ്ജക്ടില്‍ 30.11 ശതമാനം മാത്രമാണ് വിജയിച്ചത്. ആര്‍ട്സ് വിഷയങ്ങളില്‍ 37% ആണ് വിജയം.
അതേസമയം കൊമോഴ്സ് വിഭാഗത്തില്‍ 73.76% പേര് വിജയിച്ചുവെന്ന് ബിഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡ് ചെയര്മാന് ആനന്ദ് കിഷോര്‍ പറഞ്ഞൂ. ഈ വര്‍ഷം ഫെബ്രുവരി14നും 25നും മധ്യേ നടന്ന പ്ലസ് ടു പരീക്ഷയില്‍ 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 2015-ല്‍ 89.32 ശതമാനവും 2016-ല്‍ 67.06 ശതമാനവുമായിരുന്നു വിജയം. ഇതാണ് നേര് പകുതിയായി ഈ വര്‍ഷം താഴ്ന്നത്. കൊമേഴ്സില്‍ 2016-ല്‍ 80.87 % പേരും 2015-ല്‍ 90.55% പേരും വിജയിച്ചിരുന്നു. ഇത് 73.36 ആയി താഴ്ന്നു. ആര്‍ട്സില്‍ ഉണ്ടായിരുന്ന 56% വിജയമാണ് ഇത്തവണ 37.13% ആയി താഴ്ന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ പ്രചരിക്കുകയും വന്‍ വിവാദമായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പരീക്ഷാ ബോര്‍ഡ് കര്‍ശനമായി നിരീക്ഷണത്തില്‍ പരീക്ഷ നടത്തിയത്.
Discussion about this post