കൊച്ചി: കൊച്ചി മെട്രോ ചടങ്ങിലെ താരമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവും, കൊച്ചി മെട്രോ ശില്പിയുമായ ഇ ശ്രീധരന്. ഏറെ ആവേശത്തോടെയാണ് ഇ ശ്രീധരന്റെ പേര് കേള്‍ക്കുമ്പോഴെല്ലാം ഉദ്ഘാടനചടങ്ങിലെത്തിയ ആയിരങ്ങള്‍ പ്രതികരിച്ചത്.
പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും, മുഖ്യമന്ത്രിയും ഇ ശ്രീധരന്റെ സേവനത്തെ അഭിനന്ദിച്ചപ്പോള്‍ ഉദ്ഘാടന സദസ്സില്‍ നിന്ന് കയ്യടി ഉയര്‍ന്നു. കെഎംആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ് സ്വാഗത പ്രസംഗത്തിനിടെ ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോഴും വലിയ ആരവമുയര്‍ന്നു. അദ്ദേഹത്തിന് സ്വാഗതപ്രസംഗം പൂര്‍ത്തിയാക്കാന്‍ അല്പ നിമിഷം കാത്തിരിക്കേണ്ടി വന്നു.
ഇ ശ്രീധരനാണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ കാരണമെന്ന ശക്തമായ പൊതുവികാരമാണ് ഇത്തരം പ്രകടനങ്ങളിലൂടെ ദൃശ്യമായത്. ഇ ശ്രീധരന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ പരിഗണിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതും അദ്ദേഹത്തിനോടുള്ള വികാരവായ്പിന് ആവേശം പകര്‍ന്നു.
Discussion about this post