കൊച്ചി: കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്കിയ ആദ്യ ദിനത്തില്‍ വന്‍ പൊതുജന പങ്കാളിത്തം. ആദ്യദിന വരുമാനം 20,42,740 രൂപയാണ്. പുലര്‍ച്ച മുതല്‍ വലിയ തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്. വൈകുന്നേരം ഏഴുവരെ 62,320 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. രാത്രി പത്തുവരെ സര്‍വിസുണ്ടായിരുന്നു.
ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കും പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും ഒരേ സമയത്താണ് ട്രിപ്പുകള്‍ തുടങ്ങിയത്. രാവിലെ 5.45നാണ് ടിക്കറ്റ് വിതരണം ആരംഭിച്ചതെങ്കിലും പുലര്‍ച്ചെ 4.30 മുതല്‍ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവായിരുന്നു. ആറര വരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മൂന്ന് കൗണ്ടറുകള്‍ തുറന്നു.
സെല്‍ഫിയെടുത്തും ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തും ആളുകള്‍ യാത്ര ആഘോഷമാക്കി. ടിക്കറ്റ് കൗണ്ടറില്‍നിന്ന് പ്ലാറ്റ് ഫോമിലേക്ക് പോകുന്നതിന് മുമ്പുള്ള സുരക്ഷ പരിശോധനയും ടിക്കറ്റ് ഗേറ്റിലെ റീഡിങും പലര്‍ക്കും കൗതുകമായി. മുമ്പോട്ട് നീങ്ങിയപ്പോള്‍ ഓരോ സ്റ്റേഷനുകള്‍ക്കും പശ്ചാത്തലമായി ഒരുക്കിയ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനും തിരക്കുണ്ടായി.
Discussion about this post