നടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ ഒരു യുവസംവിധായകനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ചോദ്യം ചെയ്യലില്‍ ഇരുവരും ഈ സംവിധായകന്റെ പേരു ഇരുവരും പറഞ്ഞതായാണ് വിവരം.
ഈ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു നടിക്കു നേരെ അതിക്രമം നടന്നത്. പള്‍സര്‍ സുനി ഈ സംവിധായകനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. സംഭവം നടന്ന സമയത്ത് ഈ സംവിധായകന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പിന്നീട് അതിനെപ്പറ്റി പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല.
അതിനിടെ പള്‍സര്‍ സുനി (സുനില്‍കുമാര്‍), നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുന്‍പ് നിരന്തരം വിളിച്ചിരുന്ന നാലു ഫോണ്‍നമ്പറുകള്‍ പൊലീസ് കണ്ടെത്തി. പള്‍സര്‍ സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയാണ് ഫോണ്‍ കോളുകളെല്ലാം. വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം. 26 ഫോണ്‍ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് നാലു നമ്പറുകള്‍ കണ്ടെത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട്, ദിലീപ് നായകനായ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയും എടുത്തിരുന്നു. പള്‍സര്‍ സുനി ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതിനു തെളിവു ലഭിച്ചതിനെ തുടര്‍ന്നാണിത്. ഇതിനിടെ ദിലീപ് വിഷയത്തില്‍ നിയമോപദേശം തേടിയതായും, ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കം ആരംഭിച്ചതായും വാര്‍ത്തുകളുണ്ട്.
Discussion about this post