തൊടുപുഴ: ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് മന്ത്രി എം.എം. മണിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎല്‍എ. കയ്യേറ്റ മാഫിയകള്‍ പിണറായി സര്‍ക്കാരിന്റെ കീഴിലാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശ്രീറാമിന്റെ മാറ്റം. ദേവികുളം താലൂക്കില്‍ 300 ഏക്കര്‍ സ്ഥലം വ്യാജ രേഖകളിലൂടെ കൈവശപ്പെടുത്തി. മന്ത്രി മണിയും ജോയ്‌സ് ജോര്‍ജും ഇതിനു കൂട്ടു നിന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കൊട്ടാക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രി എം.എം. മണിക്കുള്ള ബന്ധം അന്വേഷിക്കണം. മന്ത്രിയാകുന്നതിനു മുന്‍പും ശേഷവും എം.എം. മണി പലവട്ടം ഈ സ്ഥാപന ഉടമയുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. മണിയുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പെരുമ്പാവൂരിലെ സിപിഎം നേതൃത്വം പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി മണിയും ജോയ്‌സ് ജോര്‍ജ് എംപിയും കര്‍ഷകരെ മറയാക്കി ഇടുക്കി ജില്ലയിലെ കര്‍ഷക സമൂഹത്തെ കബളിപ്പിക്കുകയാണെന്നും പി.ടി. തോമസ് ആരോപിച്ചു.
ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചാല്‍ നിയമസഭയിലും ലോക്സഭയിലും കോണ്‍ഗ്രസിന് ഇടുക്കിയില്‍നിന്നു പ്രതിനിധികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പി.ടി. തോമസ് പ്രതികരിച്ചില്ല.
Discussion about this post