കൊല്‍ക്കത്ത: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ സിപിഐഎം പിന്തുണക്കുന്നതില് അതൃപ്തി പ്രകടിപ്പിച്ച് ബംഗാള്‍ സിപിഐഎമ്മിലെ ഒരു വിഭാഗം. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങള്‍ നടക്കുമ്പോള്‍ അന്ന് ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധി സിപിഐഎമ്മിനെതിരെ വിമര്‍ശനം നടത്തിയിരുന്നു എന്നതാണ് അതൃപ്തിയുടെ കാരണം. സംസ്ഥാനത്തെ ഭൂരിഭാഗം സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഗോപാല്‍കൃഷ്ണ ഗാന്ധിയെ സിപിഐഎം പിന്തുണക്കുന്നതില് അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ നേതാക്കളെല്ലാം നിലപാട് പരസ്യമാക്കി. തൃണമൂല്‍ കോണ്‍ഗ്രസുകാരനാണ് ഗോപാല്‍കൃഷ്ണ ഗാന്ധി എന്നാണ് പല നേതാക്കളുടെയും വിമര്‍ശനം.
എന്താണ് ഞങ്ങളുടെ പാര്‍ട്ടി ഉന്നത നേതൃത്വം ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ആദ്യം കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്നുവെക്കുകയും ഇപ്പോള്‍ അതാവാം എന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഗോപാല്‍കൃഷ്ണ ഗാന്ധി 2006 മുതല്‍ 2009 വരെ എടുത്ത നിലപാടുകള്‍ എങ്ങനെയാണ് മറക്കാന്‍ സാധിക്കുക. ബിജെപിയെ എതിര്‍ക്കുക എന്ന പേരും പറഞ്ഞ് പൂര്‍ണ്ണമായും ഭ്രാന്തന് നടപടികളാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിയെ അടക്കാനുള്ള കുഴി പാര്‍ട്ടി തന്നെ കുത്തുകയാണെന്ന് ഒരു സംസ്ഥാന കമ്മറ്റി അംഗം പിടിഐയോട് പ്രതികരിച്ചു. ഇന്ന് നമ്മള് ഗോപാല്‍കൃഷ്ണ ഗാന്ധിയെ വെറുതെ വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍, അടുത്ത വര്‍ഷം ബിജെപിയെ എതിര്‍ക്കാനെന്ന പേരില്‍ തൃണമൂലുമായും കൂട്ടുചേരും എന്നായിരുന്നു മറ്റൊരു സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പ്രതികരണം.
Discussion about this post