കോഴിക്കോട്: ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പുരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതി കോഴിക്കോട്ട് പിടിയിലായി. സുന്ദര്‍പുര്‍ വില്ലേജിലെ വീടിന് തീയിട്ട് സഹോദരന്റെ ഭാര്യയെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതി ഖാസി ഇസ്മായിലിനെയാണ് (28) തിങ്കളാഴ്ച ടൗണ്‍പോലീസിന്റെ സഹായത്തോടെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കൊലയ്ക്കുശേഷം ഇയാള്‍ നാടുവിട്ടതോടെ കൃത്യത്തിന് പിന്നില്‍ മറ്റ് മതസ്ഥരാണെന്ന് അഭ്യൂഹം പരക്കുകയും വര്‍ഗീയ സംഘര്‍ഷമുണ്ടാവുകയും ചെയ്തതായി ബംഗാള്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 16-നാണ് കൊല നടന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇസ്മായില്‍ സഹോദരന്റെ വീട് പുറത്തുനിന്ന് പൂട്ടി തീയിടുകയായിരുന്നു. സഹോദരന്റെ മക്കളായ രാജിബ് അലി (13), രശ്മി കാത്തൂണ്‍ (16) എന്നിവര്‍ അന്നുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഹോദര ഭാര്യ ഫാത്തിമ പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
അതേസമയം കേരളത്തിലേക്ക് കടന്ന പ്രതി മിഠായിത്തെരുവ് കോയെന്‍കോ ബസാറില്‍ എംബ്രാേയ്ഡറി സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ചെറൂട്ടി റോഡിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചതോടെയാണ് ഇസ്മായില്‍ കോഴിക്കോട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്.
ബംഗാളിലെ ഘട്ടാല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുവന് ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോഴിക്കോട്ടെത്തിയത്.
Discussion about this post