തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പി ഡി പി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മദനിയെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
തന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് പി ഡി പി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക എന്‍.ഐ.എ കോടതി തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.
മദനി ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചതായി പി ഡി പി നേതൃത്വം അറിയിച്ചു. ബസ് ഉടമകളും വ്യാപാരികളും ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രചരണം നടന്നിരുന്നു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാത്ത വിചാരണ കോടതി നടപടി വേദനിപ്പിച്ചു, ഇതിനെതിരെ സുപ്രീംകോടതിയില്‍ ബുധനാഴ്ച ഹര്‍ജി നല്‍കുമെന്നും മദനി വ്യക്തമാക്കി.
Discussion about this post