കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയത് എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയാണെന്ന് ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. തച്ചങ്കരി തീരദേശ പോലീസ് മേധാവി ആയിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് ഹോട്ടലില്‍ മുറിയെടുത്തത്. ജില്ലാ പോലീസ് അധികൃതര്‍ പണം തരുമെന്നായിരുന്നു തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ തച്ചങ്കരിയുടെ റാങ്കനുസരിച്ച് ഇത്രയും തുകവരുന്ന റൂമെടുക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. ബില്ലടയ്ക്കാന്‍ ജില്ലാപോലീസ് അധികൃതര്‍ വിസമ്മതിച്ചതോടെ പെട്ടുപോയത് അന്ന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരായിരുന്നു.
അതേസമയം ഹോട്ടലുകാര്‍ ബില്ല് നല്കാന് വൈകിയതാണ് പണം നല്‍കാതിരുന്നതിന് കാരണമെന്നാണ് തച്ചങ്കരിയുടെ വാദം. ബില്‍ തുകയായ 8519 രൂപ എഡിജിപി നല്‍കാതായതോടെ ഡ്യൂട്ടി മാനേജരുടെ പേരില്‍ ഹോട്ടല്‍ മാനേജ്മെന്റ് പിടിച്ച് വെച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിന് ഔദ്യോഗിക ആവശ്യത്തിനായി പോലീസ് ആസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്തിയ എ.ഡി.ജി.പി. രാത്രി 11.17ന് ഹോട്ടലില്‍ നേരിട്ടെത്തി മുറിയെടുക്കുകയായിരുന്നു.
ജില്ലയില്‍ തന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയശേഷം പിറ്റേന്ന് വൈകീട്ട് 7.11നാണ് എ.ഡി.ജി.പി. തിരിച്ചുപോയത്. പോകുമ്പോള്‍ ബില്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കാന് ഹോട്ടല്‍ മാനേജരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് പിറ്റേന്ന് ഹോട്ടല്‍ ജീവനക്കാര്‍ ജില്ലാ പോലീസ് മേധാവിക്ക് ബില്‍ എത്തിച്ചുനല്‍കി. ബില്‍ത്തുക അടയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല ബില്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു.
Discussion about this post