തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തളളി. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷന് അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരുദിവസം മാത്രമാണ് അനുവദിച്ചിരുന്നത്. ഇന്നു വൈകുന്നേരം നാലുമണി വരെയായിരുന്നു കാലാവധി.
വിന്‍സെന്റിന് ജാമ്യം നല്കിയാല് ക്രമസമാധാനപ്രശ്നങ്ങളുണ്ടാകുമെന്നും പരാതിക്കാരിയുടെ ജീവനുപോലും ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചിട്ടുണ്ട്.
എം എല്‍ എ ഹോസ്റ്റലിലില്‍ വച്ച് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു വിന്‍സെന്റിന്റെ അറസ്റ്റ്. പീഡനത്തിനിരയായ സ്ത്രീയുടെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ എം എല്‍ എയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് കെ പി സി സി സെക്രട്ടറി സ്ഥാനത്തുനിന്ന് ഉള്‍പ്പെടെ പാര്‍ട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍നിന്ന് വിന്‍സെന്റിനെ ഒഴിവാക്കിയിരുന്നു.
Discussion about this post