റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. നാല് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു ജവാൻ വീരമൃത്യുവരിച്ചു. ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
നാരായൺപൂരും ദന്തേവാഡയെയും ബന്ധിപ്പിക്കുന്ന അതിർത്തി മേഖലയായ അബുജ്ഹമ്മദിന്റെ വനപ്രദേശത്ത് ആയിരുന്നു ഏറ്റുമുട്ടൽ. വനത്തിൽ ഭീകരർ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ പരിശോധനയ്ക്കിടെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഇതിലാണ് സുരക്ഷാ സേനാംഗങ്ങളിൽ ഒരാൾക്ക് പരിക്കേറ്റത്.
ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. പ്രദേശത്ത് നിന്നും എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് പരിശോധന തുടരുകയാണ്. 10 പേർ ചേർന്ന ഭീകര സംഘമാണ് പ്രദേശത്ത് എത്തിയിരിക്കുന്നത് എന്നാണ് സൂചന. ബാക്കിയുള്ളവർ ഉൾവനത്തിലേക്ക് ഓടിമറഞ്ഞുവെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തന്നെ സുരക്ഷാ സേന തമ്പടിച്ചിരിക്കുന്നത്.
ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡിലെ ഹെഡ് കോൺസ്റ്റബിൾ ആയ സന്നു കരമ ആണ് വീരമൃത്യുവരിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ദേഹം ആശുപത്രിയിൽ സൂരക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ഭൗതിക ദേഹം വീട്ടുകാർക്ക് വിട്ട് നൽകും.
Discussion about this post